|
''മരണം'' എന്ന് കേള്‍ക്കുമ്പോഴെ നമുക്ക് ഭയമാണ്. അതിനെ ജീവിതത്തിന്റെ അന്ത്യമായി നാം കണക്കാക്കുന്നു. അനിവാര്യമായ മരണത്തെകുറിച്ച് സംസാരിക്കാന്‍ പോലും ഭയപ്പെടുന്നവരുണ്ട്. നമ്മിലടിഞ്ഞുകൂടിയിരിക്കുന്ന ആശയങ്ങളും സങ്കല്‍പ്പങ്ങളുമാണ് ഈ ഭയത്തെ നിര്‍മിക്കുന്നത്. ജനനം സംഭവിച്ചാല്‍ മരണവും സംഭവിക്കുമെന്നതില്‍ തര്‍ക്കമില്ലല്ലോ. അതായത് മരണം ജനനത്തിന്റെ ഭാഗമാണ്. ജനനം മരണത്തിന്റെയും. രണ്ടും രണ്ടല്ല ഒന്നാണ്. ജനനത്തെ, ജീവിതത്തെ നമ്മള്‍ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ആ സ്‌നേഹം മരണത്തിനുകൂടി അവകാശപ്പെട്ടതാണ്. ജീവിതത്തെ വെറുക്കുന്നുവെങ്കില്‍ മരണത്തെയും നമ്മള്‍ വെറുക്കുകയാണ്. ജീവിതം മനസിലാക്കിയവന്‍ മരണത്തെയും മനസിലാക്കുന്നു. ഭാവിയില്‍ വന്നു ചേരാവുന്നതായിട്ടാണ് നമ്മള്‍ മരണത്തെ കാണുന്നത്. എന്നാല്‍ മരണം ജനനം മുതല്‍ കൂടെയുള്ളതാണ്. ഭാവിയിലല്ല വര്‍ത്തമാനത്തിലാണ് മരണത്തിന്റെ സ്ഥാനം. ഓരോ നിമിഷവും നമ്മള്‍ മരിക്കുകയാണ്, ജനിക്കുകയാണ്. ജാഗ്രതകൊണ്ടെ നിരീക്ഷണം കൊണ്ടെ നമുക്കത് വെളിവാകുകയുള്ളു. മറ്റാരുടെയും ശിക്ഷണമില്ലാതെ സ്വയം നമ്മള്‍ കണ്ടെത്തേണ്ടതാണ് നമ്മുടെ ജീവിതം. അതിനാലാണ് മഹാന്മാരായ ഗുരുനാഥന്‍മാര്‍ നിരീക്ഷകനില്ലാത്ത നിരീക്ഷണമാണ് വേണ്ടെതെന്ന് പറയുന്നത്. അവര്‍ നമ്മളെ നമ്മളിലേക്ക് തന്നെ തള്ളിവിടുകയാണ്. നമ്മുടെ ജീവിതം നമുക്ക് മാത്രം ലഭ്യമായതാണ്. അതിനെ മനസിലാക്കാന്‍ നമുക്കല്ലാതെ മറ്റാര്‍ക്കുമാവില്ല. ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ അഭിപ്രായത്തില്‍ അറിഞ്ഞതില്‍ നിന്നെല്ലാം മോചിതനായി നവ്യമായ മനസോടെ നിരീക്ഷിച്ചാല്‍ മാത്രമെ നമ്മുടെ ജീവിതം നമുക്ക് മുമ്പില്‍ തുറക്കപ്പെടുകയുളളു. അതിങ്ങനെയാണെന്ന് കരുതുക: ഭൂതകാലത്തിന്റെതായ ആശയങ്ങളും സങ്കല്‍പ്പങ്ങളും എല്ലാം വെടിഞ്ഞ് തീര്‍ത്തും ശൂന്യമായ അവസ്ഥയോടെ വേണം നമ്മള്‍ ജീവിതത്തെ നിരീക്ഷിക്കുവാന്‍. നമ്മുടെ ജീവിതത്തെ നിരീക്ഷിക്കുകയെന്നാല്‍ നമ്മളെ തന്നെ നിരീക്ഷിക്കുകയെന്നാണ്. അതിന് വളരെയേറെ ഊര്‍ജ്ജം ആവിശ്യമാണ്. അത് സ്വയം സ്വായത്തമാക്കേണ്ടതാണ്. അത് ജീവിതവുമായുള്ള ഉദാത്തമായ സൗഹൃദമാണ്. ആ സൗഹൃദം സംഭവിക്കുമ്പോള്‍ മരണവുമായും നമ്മള്‍ സൗഹൃദത്തിലാകുന്നു. എല്ലാ കെട്ടുപാടുകളില്‍ നിന്നും മോചിതനായി നമ്മള്‍ ഇപ്പോള്‍, ഈ നിമിഷത്തില്‍ ആഘോഷകരമായി ജീവിക്കാന്‍ അര്‍ഹനാകുന്നു. അതോടുകൂടി സദാ സമയവും മരണത്തെ സൗഹൃദത്തോടെ അനുഭവിക്കാന്‍ നമ്മള്‍ പ്രാപ്തരാകേണ്ടതാണ്.
|