രണ്ട് സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒന്നര പതിറ്റാണ്ടിന് ശേഷം ഒറ്റസിനിമയാക്കി ഇറക്കി എന്നല്ലാതെ ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത സിനിമയാണ് ഷാജി കൈലാസിന്റെ കിങ് ആന്റ് കമീഷണര്‍. മമ്മുട്ടിയും സുരേഷ്‌ഗോപിയും ഫുള്‍സ്‌റ്റോപ്പില്ലാത്ത ഡയലോഗുകള്‍ തട്ടിവിടുന്നത് മാത്രമാണ് സിനിമയിലെ പ്രധാനം. അസഹ്യമായ ഈ സംഭാഷണ മത്സരത്തിനുപോലും പുതുമകള്‍ അശേഷം ഇല്ലെന്നത് മലയാള സിനിമാ പ്രേക്ഷകരെ നിരാശരാക്കുകയാണ്.
ഇന്ത്യക്കെതിരൊയ പാക് ഭീകരത ഇതിവൃത്തമാക്കി ഇതിനകം നിരവധി സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ ബുദ്ധശാലികളായ, രാജ്യസ്‌നേഹികളായ മലയാളികള്‍ ഇതെല്ലാം തകര്‍ക്കുന്നതാണ് ഇത്തരം മലയാള കഥകള്‍. അതിര്‍ത്തിയിലും ഭരണകേന്ദ്രങ്ങളിലും കടലിലും ആകാശത്തുമെല്ലാം ഇത് കണ്ടതുമാണ്. പഴയ ചന്ദ്രസ്വാമിയെ അനുസ്മരിപ്പിച്ച് കപട ആത്മീയതയും ഡല്‍ഹി രാഷ്ട്രീയത്തിലെ ദുര്‍മോദസുകളും ഒത്തുചേര്‍ന്ന് പാക് ഭീകരതക്ക് പരവതാനി വിരിക്കുന്നതാണ് ഷാജി കൈലാസും രഞ്ജിപണിക്കരും പറയുന്ന കഥ. ഒരു ബ്യൂറോക്രാറ്റും ഒരു പൊലീസ് ഓഫീസറും നടത്തുന്ന പോരാട്ടം.
പുതിയൊരു സിനിമയുടെ കഥ എന്ന നിലയില്‍ പരിശോധിക്കുമ്പോള്‍ ദി കിങും കമീഷണറും പഴകിയ വീഞ്ഞ് തന്നെയാണ്. തേവള്ളിപറമ്പില്‍ ജോസഫ് അലക്‌സും ഭരത്ചന്ദ്രന്‍ ഐപിഎസും ഭീകരന്‍ റാണയെയും രാജ്യദ്രോഹികളായ രാഷ്ട്രീയക്കാരനെയും കള്ളസ്വാമിയെയും ഇല്ലാതാക്കുമ്പോള്‍ അവതരണ രീതിയിലെങ്കിലും പുതുമ കണ്ടെത്തിയില്ല എന്നത് സംവിധായകന്റെ പരാജയം തന്നെയാണ്. മമ്മുട്ടിയുടെ ആദ്യ സീനില്‍ തന്നെ മനുഷ്യാവകാശത്തെ കുറിച്ചുള്ള ഒന്നരപാരഗ്രാഫ് ഉപന്യാസ പ്രഭാഷണം പ്രേക്ഷകന് നേരെയുള്ള ആദ്യവെടിവെപ്പായി. സുരേഷ്‌ഗോപിയുടെ അരങ്ങേറ്റവും ഇതില്‍ നിന്നും ഒട്ടും പിന്നോട്ടുപോയില്ല. പിന്നീടങ്ങോട്ട് അഞ്ച് മിനിറ്റ്‌വീതമുള്ള ഡയലോഗുകളുടെ പൂരം തന്നെ. ഇതില്‍ വെള്ളം കുടിച്ച് അവശരായത് പ്രേക്ഷകരായിരുന്നു. 'പുല്ല്'വിളികളും 'തെറി'സൂചകങ്ങളും കൊണ്ട് മാത്രം മൂന്ന് മണിക്കൂര്‍ പ്രേക്ഷകനെ പിടിച്ചിരുത്താമെന്ന് 2012ലും ഷാജികൈലാസും രഞ്ജിപണിക്കരും കരുതരുത്. കെപിഎസി ലളിതയുടെ കഥാപാത്രം പോലും അരോജകമായി. ദയവായി ഇത്തരത്തില്‍ ഒരു തുടര്‍ച്ച അരുത്....